ഇനി ഞാൻ അവശേഷിക്കില്ലെന്ന്

എന്നിൽ കണ്ടു തീരാത്ത
സ്വപ്നങ്ങളുണ്ട്
കെട്ടുപിണഞ്ഞു കടുംകെട്ടാവുന്ന
ചിന്തകൾ ഉണ്ട്
കണ്ണിൽ കനം കെട്ടി നിൽക്കുന്ന
കണ്ണുനീർ ഉണ്ട്
എഴുതി തീരാത്ത
കവിതകൾ ഉണ്ട്
ഞാൻ സ്വയം പറഞ്ഞു പഠിച്ച
നുണകൾ ഉണ്ട്, ഇനി വയ്യ.
ജീവിതത്തിന്റെ മാറിടം പിളർന്ന്
എന്നോട് തന്നെ എനിക്
പ്രതികാരം ചെയ്യണം
വിധിയെ തോൽപിച്ച് അധികാരം കൈയ്യാളനം
എന്നിട്ട്
ഒരു ഭ്രാന്തനെ പോലെ പൊട്ടിച്ചിരിക്കണം
അലറി കരയണം
പക്ഷെ ഞാൻ ഇല്ലാതാവുകയല്ലേ….
ഈ ഞാൻ.

രക്തം മണക്കുന്നു

മഴ പെയ്യുന്നു
എന്റെ ചില്ലകളിലൂടെ
എന്റെ വേരുകളിലൂടെ
ബാല്യകാല സ്‌മൃതികളുടെ കളിമണ്ണ്
കുഴച്ച് മഴ വെള്ളം ഒഴുകിയിറങ്ങുന്നു
എന്റെ ധമനികളിൽ കലിതുള്ളി ഒഴുകുന്ന
രക്തം കുടിച്ചു നീണ്ട വേരുകൾ
ആ പഴയ വീടിന്റെ മുന്നിലെ
നടപ്പാതയിൽ വിശ്രമിച്ചു
വേര് വിയർത്ത രക്തം മണക്കുന്നു
കണ്ണുകൾ അടയുന്നില്ല
ഞാൻ എങ്ങനെ മരിക്കും?

മൗനങ്ങൾ

എന്റെ ഈ മൗനങ്ങൾക്ക് നീ ഉത്തരം തരേണ്ടതില്ല

എന്റെ ചിന്തകളിൽ നീ കൂട്ട് വരരുത്

എന്റെ മനസ്സിന്റെ കനൽ കാട്ടിൽ നിന്ന് ആളിപടർന്ന ആശയങ്ങളെ നീ ചവറ്റു കുട്ടയിൽ എറിയുക

എന്റെ ചോദ്യങ്ങളെ കൊന്നു കളഞ്ഞിട്ട് കുറെ ഉത്തരങ്ങൾ പഠിപ്പിക്കു

എന്റെ ഭ്രാന്തുകളെ നീ കാൽതുറങ്കിൽ അടയ്ക്കു

എന്നെ കല്ലെറിയു

എന്റെ ചുരുട്ടിയ മുഷ്ടികൾ നിവർത്തിച്ചിട്ട് ആണിയടിക്കു

എന്റെ പ്രതിക്ഷേധസ്വരങ്ങൾ ഉയരരുത് , നാവ് അറുക്കു

എന്റെ രാഷ്ട്രീയ സ്വാതന്ത്രത്തെ നോക്കി പല്ലിളിക്കു

എന്റെ ആവിഷ്കാരത്തിന്റെ കഴുത്ത് ഞെരിക്കു

എന്റെ വായനയെ നിശ്ചയിക്കു

എന്നെ കൊന്നു കളഞ്ഞേക്കു

മൗനങ്ങൾക്ക് ഉത്തരം ഇല്ലല്ലോ…….

യക്ഷിയും ഞാനും

എനിക്ക് ഉറപ്പുണ്ട് യക്ഷി ഇനിയൊരു ജന്മമുണ്ട്. അന്ന് ദിവസങ്ങളുടെ വ്യത്യാസത്തിൽ നമ്മൾ രണ്ടുപേരും ജനിക്കും. അന്ന് ഞാൻ കൂടുതൽ സുന്ദരനും ആരോഗ്യവാനുമായിരിക്കും. എന്റെ വാക്കുകളുടെ സൗന്ദര്യം കൂടിയിട്ടുണ്ടാവും. അവന് മുമ്പേ നിന്നെ ഞാൻ കണ്ടെത്തും. നിന്നെ എന്റെ പാലയിലേക്ക് ആവാഹിച്ച് ആണിയടിക്കും. നിന്റെ കണ്ണുകളിൽ ഞാൻ ചുംബിച്ചു കൊണ്ടേയിരിക്കും. നീ എന്നെ താരാട്ട് പാടും. എന്റെ കവിളിൽ ചുംബിക്കും. നിർത്താതെ കഥകൾ പറയുകയും പാട്ട് പാടി തരുകയും ചെയ്യും. നമ്മൾ ഒരുമിച്ച് ഈ ലോകത്തിലെ ഏറ്റവും വലിയ പുസ്‌തകം എഴുതും.എനിക്ക് ഇരട്ട കുട്ടികളെ നൽകും.ഒടുവിൽ ആണ്ടാൾ ദേവനായികയെ പോലെ ഏഴ് സ്വർഗങ്ങളും കാണിച്ചു ആനന്ദത്തിലാറടിച്ചു നീ എന്നെ ഭോഗിച്ചു കൊല്ലും. അതുവരെ എന്നെ നിന്നോടൊത്ത് തുടരാൻ അനുവദിക്കുക

മരണം

മരണം ശീലമായിരിക്കുന്നു, ഉയിർപ്പും.

മരണത്തിന്റെ തണുപ്പും
ജീവന്റെ ചൂടും ആവാഹിച്ച്
ഞാൻ തുടരുകയാണ്
എന്നെ എപ്പോഴും അടക്കം ചെയ്യാറുള്ള
ആ ശ്മശാനത്തിലെ മതിൽ കെട്ടുകൾക്ക്
ഉയരം കൂടിയിരിക്കുന്നു .
അടുത്ത് കത്തിയമർന്ന
ചിതയിൽ നിന്നും അഗ്നിയെടുത്ത്
വീണ്ടും ജീവിക്കണം.
എന്തിനാ?

മരണം തുടരട്ടെ ‘

ആകാശം

എന്തുകൊണ്ടോ… ഇപ്പോൾ ആകാശമാണ് എല്ലാം.
സ്വപ്നങ്ങളും ,ചിന്തകളും ,മനസ്സും ആകാശം കയ്യടക്കി . രാത്രികളിൽ കണ്ണ് തുറന്ന് പിടിച്ച് ഞാന്‍ കാണുന്ന എല്ലാ കാഴ്ചകളിലും കുമ്മായ വെളുപ്പിൽ നീല പൂശിയ പഞ്ഞി കെട്ടുകൾ. എന്നും പാതി ചാരിയ ജനാലകളിലൂടെ മുറ്റത്തെ പ്ലാവിലകൾക്കിടയിലൂടെ മോഹിപ്പിക്കുന്ന നീലാകാശത്തെ കണ്ട് കൊണ്ട് ഞാൻ ഉണരുന്നു .
ഉമ്മറത്തെ ചാലുകസേരയിൽ കിടന്ന് കൊണ്ട് ഞാൻ ആകാശം മാത്രം കാണുന്നു.
എങ്ങോ ഓടി മായുന്ന മേഘങ്ങളെ ഓര്‍ത്ത് എന്തിനോ വേണ്ടി ആകുലപെടുന്നു .
പക്ഷികളെ നോക്കി അസൂയപ്പെടുന്നു. എന്റെ മനോരാജ്യങ്ങളിൽ പറന്നുയർന്ന് ഞാൻ ആകാശത്ത് കൂട് വെയ്ക്കുന്നു. ഭൂമിയെ നോക്കി പുച്ഛിക്കുന്നു, ആർത്തട്ടഹസിക്കുന്നു. കീഴടക്കാൻ ഇനി ഉയരങ്ങൾ ഇല്ലെന്നോർത്ത് ആശ്വസിക്കുന്നു .

അതെ ഇനി ആകാശമാണ് എല്ലാം