മുറ്റത്തെ ഇലവീണു തണുത്ത നിറമുള്ള സിമന്റ് പാളികളിൽ ഇന്നലെ പെയ്ത മഴയുടെ അവസാന നെടുവീർപ്പ് തുള്ളിയും മരിച്ചു വീണിരിക്കുന്നു. ഈ പഴയ മൂന്ന് നിലക്കെട്ടിടത്തിന്റെ ഇളകി തുടങ്ങിയ ചുവപ്പിനും വെളുപ്പിനും ഇടയിലൂടെ ജീവിതാവർത്തനങ്ങളുടെ ഞരമ്പ് പോകുന്നു. ഉറക്കച്ചടവുള്ള നീലയിൽ പേരെഴുതിയ കട്ടികൂടിയതരം ഷർട്ട് ധരിച്ച ഒരു കാവൽക്കാരൻ. ഇതിലെ ജീവിതങ്ങളുടെ വരവും പോക്കും കണ്ട് ദൈവത്തെ പോലെയയാൾ, അന്തേവാസികളുടെ കഴിഞ്ഞതും വരാനിരിക്കുന്നതും മനസ്സിൽ സങ്കല്പിച്ചു ചിന്താക്കാട് കയറിയിരിക്കുന്നു. അതും കടന്ന് വിണ്ടുകീറിയ രക്തനിറത്തിൽ കറുപ്പ് ചേർത്ത പോലെ മരിച്ചു തണുത്ത മാർബിൾ പാകിയ ഇരുണ്ട ഇടനാഴികളിലേക്ക്. എണ്ണം ക്രെമപ്പെടുത്തി ഒന്നുമുതൽ നൂറിനോടടുത്ത മുറികൾ. മൂന്ന് ജീവിതങ്ങളെ തിക്കിനിറച്ചു ശ്വാസം മുട്ടിക്കുന്നവ. അവിടെ കഥകളിൽ നിന്ന് കഥകളിലേക്കും കണ്ണീരിൽ നിന്ന് ചിരിയിലേക്കും ബോധങ്ങളിൽ നിന്ന് അബോധങ്ങളിലേക്കും ക്രമംതെറ്റിയ യാത്രനടത്തുന്നവരെ കണ്ട് പകച്ചു നിൽക്കരുത്. ഉറങ്ങുന്നവരുണ്ട് പകലും രാത്രിയുമറിയതെ, ജന്മലക്ഷ്യങ്ങൾ അറിയാതെ. പതിഞ്ഞ ശബ്ദത്തിൽ ദേവരാജൻ മാസ്റ്ററുടെ ക്ലാസ്സിക്കുകൾ കേട്ട് കണ്ണടച്ചു ജീവിക്കുന്നവർ. പഠിക്കുന്നവർ, വായിക്കുന്നവർ, ചിന്തിക്കുന്നവർ, പുക വലിക്കുന്നവർ, മദ്യപിക്കുന്നവർ, കരയുന്നവർ, ചിരിയ്ക്കുന്നവർ, സംസാരിക്കുന്നവർ. ഒരുപാട് മനുഷ്യർ. ജീവിതവർത്തനങ്ങളിൽ ഹോസ്റ്റൽ മുറികൾ ആഘോഷിക്കുന്നവർ. ഞങ്ങൾ.