രാജ്യത്തിന്റെ അഖണ്ഡതയെ പറ്റി സംസാരിക്കുവാൻ അതിന്റെ വ്യത്യസ്തതയിൽ അഭിമാനം കൊണ്ട് അതിനെ സ്നേഹിക്കുവാൻ കുറച്ചു നാളുകളായി സാധിക്കുന്നില്ല.
എന്റെ രാജ്യസ്നേഹത്തിന് എന്തോ സംഭവിച്ചിരിക്കുന്നു!
എന്റെ രാഷ്ട്രബോധം എന്റെ ദേശീയത എന്നിവയെല്ലാം കഴിഞ്ഞ കുറച്ചു വർഷങ്ങളായി എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. കാരണം മറ്റൊന്നുമല്ല ദേശീയതയും രാഷ്ട്രസ്നേഹവും ജന്മാവകാശമെന്നപോലെ കൈവശം വച്ചിരിക്കുന്ന ചിലരുടെ ഇടയിൽ അവരെ പോലെ ആവതിരിക്കാൻ ശ്രമിച്ചു ശ്രമിച്ചു സംഭവിച്ചു പോയതാണ്.
സ്കൂൾ വിദ്യാഭ്യാസകാലത്ത് നമുക്ക് മുന്നിൽ തെളിഞ്ഞ ഒരു ഇന്ത്യ ഉണ്ടായിരുന്നു. ഒരു വ്യക്തിയുടെ ദേശീയതയെ രൂപപ്പെടുത്തുവാൻ പല വഴികളുണ്ട്. നമ്മൾ അറിഞ്ഞ ഇന്ത്യ മതേതരമായിരുന്നു. അതിന്റെ വ്യത്യസ്തകളിൽ അഭിമാനം കൊള്ളുന്നു എന്ന് ഏറ്റു പറഞ്ഞും, സ്വതന്ത്ര സമര കഥകൾ കേട്ട് ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനം കൊണ്ടും വളർന്നു വന്നവരാണ് നമ്മൾ.
എന്നാൽ കുറച്ചു നാളുകളായി ഇന്ത്യൻ ദേശീയതയുടെ മുഖം വികൃതമാണ്.
അതിർത്തിയിൽ പാകിസ്ഥാൻ പട്ടാളക്കാരെ വെടിവെച്ചിടുമ്പോളും, ബഹിരാകാശത്തേക്ക് ഇന്ത്യ റോക്കറ്റ് വിടുമ്പോഴും, ഇന്ത്യൻ സൈന്യം സർജിക്കൽ സ്‌ട്രൈക്ക് നടത്തുമ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീം ജയിക്കുമ്പോഴും ഉണ്ടാവുന്ന എന്തോ ആണ് ദേശീയത എന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും തെറ്റിദ്ധരിച്ചിരിക്കുന്നു അല്ലെങ്കിൽ ഇതെല്ലാം വളരെ നന്നായി മാർക്കറ്റ് ചെയ്ത് നമ്മെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.
അപ്പോൾ എന്താണ് ദേശീയത എന്ന ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങൾ ഉണ്ട്. അത് ഒരു രാജ്യത്തിന്റെ ശരിയായ ദിശയിൽ ഉള്ള വളർച്ചയ്ക്കുവേണ്ടിയുള്ള ശ്രമങ്ങൾ ആയിരിക്കണം.
അതിലെ ജനങ്ങളുടെ രാജ്യ സ്നേഹം വെളിപ്പെടേണ്ടത് സമൂഹത്തിലാണ്. സഹജീവികളെ പരിഗണിക്കുമ്പോഴാണ്. എല്ലാ ഇന്ത്യക്കാരെയും വ്യത്യസ്‌ത മതവും ജാതിയും പ്രദേശവും ഭാഷയും സംസ്കാരവും ഉൾക്കൊണ്ട് സഹോദരന്മാരായി കാണാൻ സാധിക്കുമ്പോഴാണ് നമ്മുടെ ദേശിയതയ്ക്ക് പൂർണ്ണതയുണ്ടാവുന്നത്.
നിങ്ങൾ കൈക്കൂലി കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ടോ? , നികുതി അടയ്ക്കുന്നുണ്ടോ?, രാജ്യത്തെ നിയമങ്ങൾ അണുവിട തെറ്റാതെ പാലിക്കുന്നുണ്ടോ?, ട്രാഫിക് നിയമങ്ങൾ അനുസരിക്കുന്നുണ്ടോ?, പൊതുസ്ഥലത്ത് പുകവലിക്കുകയും മൂത്രമൊഴിക്കുകയും ചെയ്യാറുണ്ടോ?, പൊതുമുതൽ ഉത്തരവാദിത്വത്തോടെ സംരക്ഷിക്കാറുണ്ടോ?, നിങ്ങൾ രാജ്യത്തിന്റെ ഉത്പാദനകരമായ സാമ്പത്തിക വ്യവസ്ഥയിൽ പങ്കാളിയാണോ,? വോട്ട് ചെയ്യാറുണ്ടോ?, ഈ ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരം തീരുമാനിക്കും നിങ്ങളുടെ രാജ്യസ്നേഹം. കാരണം ഇതെല്ലാമാണ് ഒരു നല്ല ദേശീയതയുടെ ദിശാസൂചികകൾ. അല്ലെങ്കിൽ ഇതെല്ലാമായിരിക്കണം.
ഇന്ത്യൻ ദേശീയത എന്നാൽ ഹിന്ദുത്വവാദമാണ് എന്ന അബദ്ധ ചിന്ത ജനങ്ങൾക്കിടയിൽ ഉണ്ട്.
ഒരു പ്രത്യേക മതവിഭാഗത്തെ സംരക്ഷിക്കേണ്ടതും മറ്റൊരു മതത്തെ ശിക്ഷിക്കേണ്ടതും എങ്ങനെയാണ് ഇന്ത്യൻ ദേശീയതയുടെ ഉത്തരവാദിത്വമായിത്തീരുന്നത്.? ബിജെപി എന്ന രാഷ്ട്രീയ പാർട്ടി നല്ല രീതിയിൽ വിറ്റഴിക്കുന്ന ദേശീയത വെറുപ്പും നുണയും അസഹിഷ്ണുതയും നിറച്ച ചവറ്റുകൊട്ടയാണ്. യഥാർത്ഥ ഇന്ത്യൻ ദേശീയത കണ്ടെടുക്കേണ്ടത് ഭരണഘടനയിലാണ്
മതവികാരത്തിനപ്പുറം രാജ്യത്തെ നിയമവ്യവസ്ഥയെ ബഹുമാനിച്ചവരിലൂടെ കത്താതെ പോയ തീപ്പൊരി ബാബറി മസ്ജിദ്ന് ശേഷം കയ്യിൽ പന്തങ്ങളുമായി വന്ന CAA യും NRC യും ജാതി മത ഭേദമന്യേ ഭരണഘടനയിൽ വിശ്വസിക്കുന്ന ഈ രാജ്യത്തെ ജനങ്ങൾ ഊതികെടുത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ വിദ്യാർത്ഥി സമൂഹം ചെയ്യുന്നതും മറ്റൊന്നല്ല. അവർ യഥാർത്ഥ ഇന്ത്യൻ ദേശീയതയെ ഉൾക്കൊള്ളുന്നു. ഭരണഘടനയെ നെഞ്ചോട് ചേർത്ത് പിടിക്കുന്നു.