കമ്മ്യൂണിസം , ലോകത്തിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട അരികുവൽകരിക്കപ്പെട്ട ജനതയ്ക്ക് പ്രതീക്ഷ നൽകിയ, പോരാടുവാൻ ആർജ്ജവം നൽകിയ ആശയസംഹിത. സാംസ്‌കരികവും രാഷ്ട്രീയവുമായ മൂല്യച്യുതികളിൽ നിന്ന് ഒരുപാട് രാജ്യങ്ങളെ അടിവേര്‌പറിച്ചു പുനർനിർമാണം ചെയ്തിട്ടുണ്ട് കമ്മ്യൂണിസം. അവിടുത്തെ സംസ്കാരത്തെയും ജനങ്ങളുടെ ചിന്താഗതികളെയും വരെ കമ്മ്യൂണിസം പുനർനിർണയിച്ചു. അവരെ പുരോഗമനചിന്താഗതിക്കാരയി മാറ്റി. ഈ ആശയത്തിന്റെ മഹത്വം ചർച്ച ചെയ്യുമ്പോൾ അതിനെ പിൻപറ്റി രൂപം കൊണ്ട ഇന്ത്യൻ കമ്മ്യൂണിസം അതിൽതന്നെ അർത്ഥ ശൂന്യമാണ് എന്ന് പറയേണ്ടി വരുന്നത് നിർഭാഗ്യകരമാണ്.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപം കൊള്ളുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യൻ സ്വതന്ത്ര സമര പ്രസ്ഥാനത്തിൽ നിന്നണ്.കാരണം ഇന്ത്യയെ സമരം ചെയ്യുവാനും, ചിന്തിക്കുവാനും ,നാളെ നല്ല പുലരികൾ കാതിരിക്കുന്നുണ്ടെന്നും പഠിപ്പിച്ചത് ആ പ്രസ്ഥാനമായിരുന്നു. ഈ കാലഘട്ടത്തിലാണ് ജപ്പാൻ എന്ന കുഞ്ഞു രാഷ്‌ട്രം റഷ്യയെ യുദ്ധത്തിൽ പരാജയപ്പെടുത്തുന്നത്. അത് ലോകം ആഘോഷിച്ചത് അബലന്റെ വിജയമായിട്ടാണ്. ജപ്പാന്റെ ഈ വിജയം ഇന്ത്യൻ സ്വതന്ത്ര സമരത്തെ നല്ല രീതിയിൽ സ്വാധിനിച്ചു. ഇതിനെ തുടർന്നുണ്ടായ റഷ്യൻ വിപ്ലവം കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ഒരു പിടി ഇന്ത്യൻ നേതാക്കളെ ആകർഷിച്ചു. ഒന്നുമില്ലായ്മയിൽ നിന്ന് അവകാശങ്ങൾ പിടിച്ചടക്കിയ ജനങ്ങളുടെ വിജയമാണ് റഷ്യയിൽ കണ്ടത്. തുടർന്നങ്ങോട്ട് കാറൽ മാർക്സിനെ പറ്റി, ലെനിനെ പറ്റി കമ്മ്യൂണിസ്റ്റ് മനിഫെസ്റ്റോയെ പറ്റി ഒരുപാട് ഇന്ത്യൻ എഴുത്തുകാർ ചർച്ച ചെയ്തു. S രാമകൃഷ്ണപിള്ള ഇന്ത്യയിൽ മാർക്സിന്റെ ആദ്യ ജീവചരിത്രം എഴുതി. അവിടെ മുതൽ ഒന്നിനും വേണ്ടി അല്ലാതെ എന്തിനോ വേണ്ടി ഇന്ത്യയിൽ കമ്മ്യൂണിസം ജനിച്ചു. കുറച് നേതാക്കൾക്ക് കമ്മ്യൂണിസം എന്ന ആശയത്തോട് ,ആ തീയോട് തോന്നിയ ആകർഷണം അതു കൊണ്ട് മാത്രം അല്ലെങ്കിൽ റഷ്യൻ വിപ്ലവും ഫ്രഞ്ച് വിപ്ലവവും ഉണ്ടാക്കിയ രക്തച്ചൊരിച്ചിലിന്റെ വിപ്ലവവേശം. അതല്ലാതെ ഇന്ത്യൻ കമ്മ്യൂണിസം രൂപപ്പെടാൻ ഒരു ജനതയുടെ അതിഭീകരമായ വിപ്ലവാഭിവാഞ്ജയുടെ അടിസ്ഥാനമൊന്നും കണ്ടെത്തുവാൻ സാധിക്കില്ലല്ലോ.

എതായാലും 1920 മോസ്കോവിൽ വെച്ചു നടന്ന കമ്മ്യൂണിസ്റ്റ് ഇന്റര്നാഷണലിൽ ഇന്ത്യയെ പ്രതിനിധീകരിച് MN റോയ്, അബാനി മുഖർജി, MBPTആചാര്യ, മുഹമ്മദ് ഷഫീഖ് എന്നിവർ പങ്കെടുത്തു. ഈ യോഗത്തിൽ MN റോയ് ഇന്ത്യൻ റീവ്ലുഷൻ ജനറൽ പ്ലാൻ അവതരിപ്പിച്ചു. ഇന്ത്യയിലെ എല്ലാ വിപ്ലവകാരികളെയും ഒന്നിച്ചു കൂട്ടുവാനും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപികരിക്കുവാനും, എത്രയും പെട്ടന്ന് വിപ്ലവ സേന രൂപികരിക്കുവാനും തീരുമാനമായി. 1920,ഒക്ടോബര് 17 ന് താഷ്കെന്റിൽ വെച്ച് ഇന്ത്യൻ കമ്യൂണിസ്റ് പാർട്ടി (CPI) 7 അംഗങ്ങളോടുകൂടി രൂപീകൃതമായി. എന്നാൽ മറ്റ് ചില കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ഇത് അംഗീകരിച്ചില്ല. മോസ്കോവിൽ വെച്ച് ലെനിന്റെ മധ്യസ്ഥതയിൽ അവർ വീണ്ടും യോഗം ചേർന്നു. ചട്ടോപാധ്യായ, റോയ്‌, അബ്ദുർ റബ്ബ് ഇവർ അവരുടേതായ നിലപാടുകളിൽ ഉറച്ചു നിന്നു.വ്യക്തിപരമായ വിഭാഗീയത അവരേ ഒരിക്കലും ഒരുമിച്ചു നിൽക്കാൻ കഴിയാത്തവരാക്കി. എന്നാൽ ഇതൊന്നും ഇന്ത്യൻ ജനതയുടെ സമര ചരിത്രത്തിൽ എഴുതപ്പെട്ടില്ല എന്നതാണ് ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ പരാജയം. ഇന്ത്യയുടെ സ്വതന്ത്ര സമരത്തെ ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കാൻ ഇന്ത്യൻ കമ്യൂണിസ്റുകൾക്ക് കഴിഞ്ഞില്ല. എന്താണ് കമ്മ്യൂണിസം എന്നോ, അതിന്റെ ആഴവും പരപ്പും എത്രയെന്നോ ഇന്ത്യയിലെ സാധരണ നിരക്ഷരർക്ക് പറഞ്ഞു കൊടുക്കുവാൻ അവർക്ക് കഴിഞ്ഞില്ല.
ഇതൊക്കെ നിലനിൽക്കെ ഇന്ത്യൻ കമ്മ്യൂണിസം എന്ന കനൽ തുടക്കത്തിലേ അണഞ്ഞു പോകാൻ മറ്റൊരു കാരണം കൂടി ഉണ്ട് . INC എന്ന ഇന്ത്യൻ സ്വതന്ത്ര സമര പ്രസ്ഥാനം. ഇന്ത്യയിൽ മറ്റൊരു പ്രസ്ഥാനത്തിന്റെ അല്ലെങ്കിൽ ആശയത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യയുടെ ആന്മാവിനോട് ചേർന്ന് അതിന്റെ ഓരോ അണുവിലും സ്ഫുരിക്കുന്ന ഇത്തരം ഒരു പ്രസ്ഥാനം നിൽവിലുള്ളപ്പോൾ മറ്റൊരു ആശയ സംഹിത അത് എത്ര മഹത്തരം ആണെങ്കിലും അതിനെ ജനങ്ങൾ സ്വീകരിക്കില്ല. കാരണം INC ജനങ്ങളുടെ ഇടയിൽ നിന്ന് തന്നെ രൂപീകൃതമായ ഒന്നാണ് ആശയങ്ങളോ ആദര്ശങ്ങളോ അല്ല ഇന്ത്യയുടെ സംസ്കാരം ആയിരുന്നു അതിനെ നയിച്ചത്.

ഇവിടെ വ്യക്തമായ ലക്ഷ്യമോ ഉൾകാഴ്ചയോ ഇല്ലാതെ രൂപീകരിക്കപ്പെട്ട ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ അനവശ്യകത മുഴച്ചു നിൽക്കുന്നുണ്ട്. തുടക്കത്തിലേ വിഭജിക്കപ്പെട്ട ഇന്ത്യൻ കമ്മ്യൂണിസം ഇന്ന് തിരിച്ചറിയപ്പെടാത്ത ഒരുപാട് ചെറിയ ചെറിയ സംഘങ്ങളായി ഇന്ത്യയിൽ എവിടെയൊക്കെയോ ചിതറി തെറിച്ചു പ്രവർത്തിക്കുന്നുണ്ട്. 1964ഇൽ കമ്മ്യൂണിസം ഇന്ത്യയിൽ വീണ്ടും രണ്ട് ദിശയിലേക്ക് നീങ്ങി കമ്യൂണിസ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്‌ രൂപീകൃതായി. കുറച് പേർ ചൈനയോടൊപ്പവും കുറച്ചു പേർ സോവിയറ്റ് യൂണിയന്റെ ഒപ്പവും നിന്നു. ഈ വിഭജനം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് മോവമെന്റ് തകർക്കുക തന്നെ ചെയ്തു. വിഭജനത്തിന് ശേഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ CPI തകർന്നടിയുകയും CPM ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമായി ഒതുങ്ങി പോവുകയും ചെയ്തു.
ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ കമ്മ്യൂണിസത്തിന്റെ പരാജയം എന്താണ്? ഈ ചോദ്യത്തിന് ഉത്തരം ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ ഇപ്പോഴും ഇന്ത്യയെ തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ്. എന്താണ് ഇന്ത്യ ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്?. അതിന്റെ സംസ്കാരവും നാനാത്വത്തിൽ ഏകത്വവു കാത്തുസൂക്ഷിക്കാൻ കഴിവ് ഉള്ള പ്രസ്ഥാനം. അതാണ് ഇന്ത്യയിൽ വേണ്ടത് അതിന് കോമ്മ്യൂണിസത്തിന് കഴിയുന്നില്ല. റഷ്യൻ റിവിലുഷനും മാവോയുടെ പോരാട്ട വീര്യവും കണ്ട് കുറച്ച് നേതാക്കൾ ആവേശഭരിതരായി എന്നത് കൊണ്ട്. മാത്രം രൂപീകൃതമായ ആ പ്രസ്ഥാനത്തിന് ഇന്ത്യയുടെ സംസ്കരിക രാഷ്ട്രീയത്തിൽ എന്താണ് പ്രസക്തി?
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ ഇപ്പോഴും ആ പഴയ കാലഘട്ടത്തിൽ തന്നെ ജീവിക്കുന്നു. സായുധ പ്രക്ഷോഭങ്ങളും ഫ്രഞ്ച് വിപ്ലവത്തിലെ രക്ത പുഴയും സ്വപ്നം കണ്ട് അവർ ഇന്നും ഉറങ്ങുകയു. ഉണരുകയും ചെയ്യുന്നു. ഇപ്പോഴും സാമ്രാജ്യത്വ വിരുദ്ധത പ്രസംഗിക്കുകയും ബൂർഷ്വാസിക്കോളോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്നാൽ ഇന്ത്യയിൽ എന്താണ് വേണ്ടത് എന്ന് അവർക്കിന്നും അറിയില്ല.
ജാതിക്കോമരങ്ങൾ ഇന്ത്യയിൽ ഇപ്പോഴും മനുഷ്യനെ കൊല്ലുമ്പോൾ ഇന്ത്യയിലെ ജാതിയതയുടെ, മത ഭ്രാന്തിന്റെ ആഴവും പരപ്പും അറിയാഞ്ഞിട്ടെന്ന പോലെ കുറ്റകരമായ മൗനം നിരീശ്വരവാദത്തിന്റെയും മാനവികതയുടെയും മറ പിടിച്ച് പറഞ്ഞുകൊണ്ടേ ഇരിക്കുന്നു. ശെരിയാണ് ഇത്തരം പുരോഗമന ചിന്താഗതികൾ ആവശ്യമാണ് പക്ഷെ നിരക്ഷരരും ഉയർന്ന ചിന്താഗതികൾക്ക് ആശക്തരും ആയ ഒരു ജനതയോട് ആവരുത്. കാരണം അവർക്ക് ഇന്നും മതത്തിന്റെ ഭാഷയെ മനസ്സിലാവൂ..! ആ ഭാഷയിൽ അവരുടെ അറിവില്ലായ്മയെ മുതലെടുക്കുവാൻ എല്ലാ തരത്തിലും അതി ശക്തമായ ഒരു രാഷ്ട്രീയ പാർട്ടി ഇന്ന് നിലവിലുണ്ട്. ബിജെപി വർഗ്ഗീയ വേർതിരിവുകൾ കൊണ്ട് വാരിക്കൂട്ടുന്ന വോട്ടുകൾ ഇന്ത്യയുടെ എന്നോ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന മതേതരത്വത്തിന്റെ വെത്യസ്തകളിലെ ഏകത്വത്തിന്റെ മേലുള്ള അവസാന ആണികളാണ്. അപ്പോൾ പറഞ്ഞു വന്നത് മത വിശ്വാസങ്ങളെയും ആചാരങ്ങളെയും കണ്ണുമടച്ച് എതിർത്തു കൊണ്ട് പ്രവർത്തിക്കാൻ ഇന്ത്യയിൽ സാധ്യമല്ല. അതിപ്പോൾ കോമ്മ്യൂണിസ്റ്റോ , കോണ്ഗ്രെസ്സ്കാരനോ , ആരുമായിക്കൊള്ളട്ടെ ജാതിയും മതവും ഇന്ത്യയുടെ സ്വത്വ ബോധത്തിന്റെ അടിവെരുകളാണ്‌ എന്ന തിരിച്ചറിവ് അത്യാവശ്യമാണ്.
നിരീശീര്വാദം പാർട്ടിയുടെ അടിസ്ഥാന പ്രമാണം ആയത് കൊണ്ട് തന്നെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ മനസില്ലാമനസോടെ അങ്ങനെ ആയിപ്പോവുകയാണ്. അവർ മതങ്ങൾക്കും ആചാരങ്ങൾക്കും എതിരെ ആഞ്ഞടിക്കുകയും പുച്ഛിക്കുകയും ചെയ്യുമ്പോഴും മനസുകൊണ്ട് അവരിൽ കുറച്ചുപേർ എങ്കിലും മതങ്ങളോടൊപ്പം അല്ലെങ്കിൽ ദൈവങ്ങളോടൊപ്പം നിൽക്കുന്നുണ്ട്. ഇന്ത്യയുടെ മനസ് അതെന്നും മതനുഷ്ടാനങ്ങളോട് ഒപ്പമാണ്. ജാതിയും മതവും ഇന്നും ഇന്ത്യയിൽ അതി ശക്തമാണ്. വിദ്യാഭ്യാസം ഇന്ത്യയെ മുന്നോട്ട്‌നയിച്ചത് മതങ്ങളിൽ നിന്നോ ജാതിയിൽ നിന്നോ അല്ല മറിച്ച് മതങ്ങളോടും ജാതിയോടും ഒപ്പമാണ് നാം മുന്നോട്ട് പോയത്. ബഹിരാകാശത്തേക്ക് മിസൈൽ അയക്കുമ്പോൾ അതിന്റെ മുന്നിൽ ഒരു നാരങ്ങാ പൂജിച്ച് വെച്ച് അവസാന മിനുക്കുപണി പൂർത്തിയാക്കും ഇന്ത്യക്കാരൻ.! വിരോധഭാസവും വലിയ തമാശയുമാണ് ഇത് പക്ഷെ നമ്മിൽ എത്രത്തോളം മതവും ആചാരങ്ങളും ആഴത്തിൽ വേരിറങ്ങിയിരിക്കുന്നു എന്ന് നാം മനസ്സിലാക്കണം. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ജാതിയെയും മതത്തെയും വോട്ടു ആയി കണ്ട് ബിജെപി പ്രവർത്തിക്കുമ്പോൾ അതിനെ കണ്ണുമടച്ച് എതിർത്തിട്ടല്ല അവരെ തോല്പിക്കേണ്ടത്. മറിച്ച് എല്ലാ മതങ്ങളോടും ആചാരങ്ങളോടും സഹിഷ്ണുതയും ബഹുമാനവും കാണിച്ചിട്ടാണ്. മതം എന്ന വോട്ടു ബാങ്കിനെ കേരളത്തിന്റെ ഉണ്ട് എന്ന് പറയപ്പെടുന്ന മതേതര മനസിനെ കൊന്ന് കൈവശപ്പെടുത്താൻ ഉള്ള ബിജെപിയുടെ അവസാന അവസരമായിരുന്നു ശബരിമല. മതത്തെ തൊട്ടാൽ കേരളത്തിലും പലതും സംഭവിക്കും എന്ന് എല്ലാവർക്കും മനസിലായി എന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ ശക്തമായ അബദ്ധ നിലപാട് കൊണ്ടുള്ള ഒരേയൊരു നേട്ടം. ശബരിമല വിഷയത്തിൽ വർഗീയ നിലപാടുകൾ ഇല്ലാതിരുന്ന ഒരു വിശ്വാസിയുടെ വോട്ട് അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചാൽ അതിനുത്തരവാദി സിപിഎം മാത്രമാണ്. കാരണം ഹിന്ദു സമൂഹത്തിന്റെ ഔദ്യോഗികമായ വിശ്വാസ സംരക്ഷകരായി ബിജെപി മാറിക്കഴിഞ്ഞു. ഇങ്ങനെയെല്ലാം സംഭവിക്കും എന്നറിയമായിരുന്നിട്ടും ഇതിനെയെല്ലാം പ്രസംഗിച്ചുകൊണ്ട് , നിലപാടുകൾ കൊണ്ട് എതിർത്തു കൊണ്ട് വളരാൻ വിട്ടത് കേരളത്തിലെ സർക്കാർ തന്നെയാണ്.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുകളിൽ ചർച്ച ചെയ്ത വിഷയങ്ങളിൽ ഇത്രത്തോളം അവജ്ഞത കാണിക്കുന്നു എന്നത് സങ്കടകരമാണ്. ഇന്ത്യയിലെ സാമൂഹികസാഹചര്യങ്ങളെ കുറിച്ച് ഫലപ്രദമായി എഴുതുവാൻ കമ്മ്യൂണിസ്റ്കൾക്കും സമൂഹ്യ ശാസ്ത്രജ്ഞർക്കും കഴിയാതിരുന്നത് ഇവിടുത്തെ ജാതി വ്യവസ്ഥയെ കുറിച്ച് ഗ്രാഹ്യമില്ലാതിരുന്നതിനാലാണ്. സാമ്പത്തികമായ വേര്തിരിവുകളേക്കാൾ ശക്തവും ആഴമേറിയതുമാണ് ജാതീയമായ അസമത്വങ്ങളും മതത്തിന്റെ അപകടകരമായ സാന്നിദ്ധ്യവും. ഇത് തിരിച്ചറിയുന്നിടം മുതലേ ഇന്ത്യയിലെ കമ്മ്യൂണിസത്തിന് പ്രവർത്തന ദിശാബോധം ലഭിക്കു. ഇതല്ലാതെ എല്ലാ വർഗീയ വാദികളെയും സായുധ വിപ്ലവം കൊണ്ട് നേരിടാം എന്ന അബദ്ധ ധാരണ അവരുടെ തന്നെ കുഴി തോണ്ടലാണ്. ഏറ്റവും കൂടുതൽ RSS കരെ കൊന്നത് ഞങ്ങളാണ് എന്നും അതുകൊണ്ട് ബിജെപി യെ തടയാൻ സിപിഎം നെ കഴിയൂ എന്നും പറയുന്നത് എത്രത്തോളം ബാലിശമാണ് എന്ന് അവർ തന്നെ ചിന്തിക്കട്ടെ.
അഞ്ചു കൊല്ലങ്ങൾക്ക് മുൻപ് കേരളത്തിൽ നമുക്ക് എത്ര ബിജെപി നേതാക്കളെ അറിയാമായിരുന്നു.? ഒന്നുമല്ലാതായിരുന്ന അവരെ എതിർത്തേതിർത്ത് പരസ്പരം കൊന്ന് കൊന്ന് വളർത്തിയത് സിപിഎം ആണ്.
അങ്ങനെ അന്നുമുതൽ ഇന്നുവരെ ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ പരാജയം ഈ അബദ്ധ നിലപാട് വരെ എത്തി നിൽക്കുന്നു. കമ്മ്യൂണിസം അതിന്റെ എല്ലാ വിശുദ്ധിയോടും കൂടെ നിലനിൽക്കണം എന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നു. അതിന് നമുക്ക് ആയിരിക്കുന്ന സമൂഹത്തിന്റെ നാഡിമിടിപ്പ് അറിയാവുന്ന നേതാക്കൾ ഉണ്ടാവണം. രക്തം കണ്ട് അറപ്പ് മാറിയവൻ എന്നോ, വാളുകൾക്കിടയിലൂടെ നടന്നവൻ എന്നോ, കൊലക്കേസിലെ പ്രതി എന്നോ ആയിരിക്കരുത് ഒരു സഖാവിന്റെ നിർവചനം. ജനപക്ഷത്ത് നിൽക്കുന്നവനെ, ജനങ്ങളുടെ ഇടയിൽ പുഞ്ചിരിച്ചുകൊണ്ട് പ്രവർത്തിക്കുന്നവനെ നെഞ്ചുറപ്പോടെ സഖാവ് എന്ന് വിളിക്കാൻ ഒരു മലയാളിക്കും മടിയില്ല.

ലാൽസലാം സഖാക്കളെ.

3 thoughts on “ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ പരാജയം അന്ന് മുതൽ ഇന്ന് വരെ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s