ഹോസ്റ്റൽ മുറികൾ

മുറ്റത്തെ ഇലവീണു തണുത്ത നിറമുള്ള സിമന്റ് പാളികളിൽ ഇന്നലെ പെയ്ത മഴയുടെ അവസാന നെടുവീർപ്പ് തുള്ളിയും മരിച്ചു വീണിരിക്കുന്നു. ഈ പഴയ മൂന്ന് നിലക്കെട്ടിടത്തിന്റെ ഇളകി തുടങ്ങിയ ചുവപ്പിനും വെളുപ്പിനും ഇടയിലൂടെ ജീവിതാവർത്തനങ്ങളുടെ ഞരമ്പ് പോകുന്നു. ഉറക്കച്ചടവുള്ള നീലയിൽ പേരെഴുതിയ കട്ടികൂടിയതരം ഷർട്ട് ധരിച്ച ഒരു കാവൽക്കാരൻ. ഇതിലെ ജീവിതങ്ങളുടെ വരവും പോക്കും കണ്ട് ദൈവത്തെ പോലെയയാൾ, അന്തേവാസികളുടെ കഴിഞ്ഞതും വരാനിരിക്കുന്നതും മനസ്സിൽ സങ്കല്പിച്ചു ചിന്താക്കാട് കയറിയിരിക്കുന്നു. അതും കടന്ന് വിണ്ടുകീറിയ രക്തനിറത്തിൽ കറുപ്പ് ചേർത്ത പോലെ മരിച്ചു തണുത്ത മാർബിൾ പാകിയ ഇരുണ്ട ഇടനാഴികളിലേക്ക്. എണ്ണം ക്രെമപ്പെടുത്തി ഒന്നുമുതൽ നൂറിനോടടുത്ത മുറികൾ. മൂന്ന് ജീവിതങ്ങളെ തിക്കിനിറച്ചു ശ്വാസം മുട്ടിക്കുന്നവ. അവിടെ കഥകളിൽ നിന്ന് കഥകളിലേക്കും കണ്ണീരിൽ നിന്ന് ചിരിയിലേക്കും ബോധങ്ങളിൽ നിന്ന് അബോധങ്ങളിലേക്കും ക്രമംതെറ്റിയ യാത്രനടത്തുന്നവരെ കണ്ട് പകച്ചു നിൽക്കരുത്. ഉറങ്ങുന്നവരുണ്ട് പകലും രാത്രിയുമറിയതെ, ജന്മലക്ഷ്യങ്ങൾ അറിയാതെ. പതിഞ്ഞ ശബ്ദത്തിൽ ദേവരാജൻ മാസ്റ്ററുടെ ക്ലാസ്സിക്കുകൾ കേട്ട് കണ്ണടച്ചു ജീവിക്കുന്നവർ. പഠിക്കുന്നവർ, വായിക്കുന്നവർ, ചിന്തിക്കുന്നവർ, പുക വലിക്കുന്നവർ, മദ്യപിക്കുന്നവർ, കരയുന്നവർ, ചിരിയ്ക്കുന്നവർ, സംസാരിക്കുന്നവർ. ഒരുപാട് മനുഷ്യർ. ജീവിതവർത്തനങ്ങളിൽ ഹോസ്റ്റൽ മുറികൾ ആഘോഷിക്കുന്നവർ. ഞങ്ങൾ.

ഇന്ത്യൻ ദേശീയതയുടെ വികൃതരൂപം

രാജ്യത്തിന്റെ അഖണ്ഡതയെ പറ്റി സംസാരിക്കുവാൻ അതിന്റെ വ്യത്യസ്തതയിൽ അഭിമാനം കൊണ്ട് അതിനെ സ്നേഹിക്കുവാൻ കുറച്ചു നാളുകളായി സാധിക്കുന്നില്ല.
എന്റെ രാജ്യസ്നേഹത്തിന് എന്തോ സംഭവിച്ചിരിക്കുന്നു!
എന്റെ രാഷ്ട്രബോധം എന്റെ ദേശീയത എന്നിവയെല്ലാം കഴിഞ്ഞ കുറച്ചു വർഷങ്ങളായി എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. കാരണം മറ്റൊന്നുമല്ല ദേശീയതയും രാഷ്ട്രസ്നേഹവും ജന്മാവകാശമെന്നപോലെ കൈവശം വച്ചിരിക്കുന്ന ചിലരുടെ ഇടയിൽ അവരെ പോലെ ആവതിരിക്കാൻ ശ്രമിച്ചു ശ്രമിച്ചു സംഭവിച്ചു പോയതാണ്.

സ്കൂൾ വിദ്യാഭ്യാസകാലത്ത് നമുക്ക് മുന്നിൽ തെളിഞ്ഞ ഒരു ഇന്ത്യ ഉണ്ടായിരുന്നു. ഒരു വ്യക്തിയുടെ ദേശീയതയെ രൂപപ്പെടുത്തുവാൻ പല വഴികളുണ്ട്. നമ്മൾ അറിഞ്ഞ ഇന്ത്യ മതേതരമായിരുന്നു. അതിന്റെ വ്യത്യസ്തകളിൽ അഭിമാനം കൊള്ളുന്നു എന്ന് ഏറ്റു പറഞ്ഞും, സ്വതന്ത്ര സമര കഥകൾ കേട്ട് ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനം കൊണ്ടും വളർന്നു വന്നവരാണ് നമ്മൾ.

എന്നാൽ കുറച്ചു നാളുകളായി ഇന്ത്യൻ ദേശീയതയുടെ മുഖം വികൃതമാണ്.
അതിർത്തിയിൽ പാകിസ്ഥാൻ പട്ടാളക്കാരെ വെടിവെച്ചിടുമ്പോളും, ബഹിരാകാശത്തേക്ക് ഇന്ത്യ റോക്കറ്റ് വിടുമ്പോഴും, ഇന്ത്യൻ സൈന്യം സർജിക്കൽ സ്‌ട്രൈക്ക് നടത്തുമ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീം ജയിക്കുമ്പോഴും ഉണ്ടാവുന്ന എന്തോ ആണ് ദേശീയത എന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും തെറ്റിദ്ധരിച്ചിരിക്കുന്നു അല്ലെങ്കിൽ ഇതെല്ലാം വളരെ നന്നായി മാർക്കറ്റ് ചെയ്ത് നമ്മെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.

അപ്പോൾ എന്താണ് ദേശീയത എന്ന ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങൾ ഉണ്ട്. അത് ഒരു രാജ്യത്തിന്റെ ശരിയായ ദിശയിൽ ഉള്ള വളർച്ചയ്ക്കുവേണ്ടിയുള്ള ശ്രമങ്ങൾ ആയിരിക്കണം.
അതിലെ ജനങ്ങളുടെ രാജ്യ സ്നേഹം വെളിപ്പെടേണ്ടത് സമൂഹത്തിലാണ്. സഹജീവികളെ പരിഗണിക്കുമ്പോഴാണ്. എല്ലാ ഇന്ത്യക്കാരെയും വ്യത്യസ്‌ത മതവും ജാതിയും പ്രദേശവും ഭാഷയും സംസ്കാരവും ഉൾക്കൊണ്ട് സഹോദരന്മാരായി കാണാൻ സാധിക്കുമ്പോഴാണ് നമ്മുടെ ദേശിയതയ്ക്ക് പൂർണ്ണതയുണ്ടാവുന്നത്.

നിങ്ങൾ കൈക്കൂലി കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ടോ? , നികുതി അടയ്ക്കുന്നുണ്ടോ?, രാജ്യത്തെ നിയമങ്ങൾ അണുവിട തെറ്റാതെ പാലിക്കുന്നുണ്ടോ?, ട്രാഫിക് നിയമങ്ങൾ അനുസരിക്കുന്നുണ്ടോ?, പൊതുസ്ഥലത്ത് പുകവലിക്കുകയും മൂത്രമൊഴിക്കുകയും ചെയ്യാറുണ്ടോ?, പൊതുമുതൽ ഉത്തരവാദിത്വത്തോടെ സംരക്ഷിക്കാറുണ്ടോ?, നിങ്ങൾ രാജ്യത്തിന്റെ ഉത്പാദനകരമായ സാമ്പത്തിക വ്യവസ്ഥയിൽ പങ്കാളിയാണോ,? വോട്ട് ചെയ്യാറുണ്ടോ?, ഈ ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരം തീരുമാനിക്കും നിങ്ങളുടെ രാജ്യസ്നേഹം. കാരണം ഇതെല്ലാമാണ് ഒരു നല്ല ദേശീയതയുടെ ദിശാസൂചികകൾ. അല്ലെങ്കിൽ ഇതെല്ലാമായിരിക്കണം.

ഇന്ത്യൻ ദേശീയത എന്നാൽ ഹിന്ദുത്വവാദമാണ് എന്ന അബദ്ധ ചിന്ത ജനങ്ങൾക്കിടയിൽ ഉണ്ട്.
ഒരു പ്രത്യേക മതവിഭാഗത്തെ സംരക്ഷിക്കേണ്ടതും മറ്റൊരു മതത്തെ ശിക്ഷിക്കേണ്ടതും എങ്ങനെയാണ് ഇന്ത്യൻ ദേശീയതയുടെ ഉത്തരവാദിത്വമായിത്തീരുന്നത്.? ബിജെപി എന്ന രാഷ്ട്രീയ പാർട്ടി നല്ല രീതിയിൽ വിറ്റഴിക്കുന്ന ദേശീയത വെറുപ്പും നുണയും അസഹിഷ്ണുതയും നിറച്ച ചവറ്റുകൊട്ടയാണ്. യഥാർത്ഥ ഇന്ത്യൻ ദേശീയത കണ്ടെടുക്കേണ്ടത് ഭരണഘടനയിലാണ്

മതവികാരത്തിനപ്പുറം രാജ്യത്തെ നിയമവ്യവസ്ഥയെ ബഹുമാനിച്ചവരിലൂടെ കത്താതെ പോയ തീപ്പൊരി ബാബറി മസ്ജിദ്ന് ശേഷം കയ്യിൽ പന്തങ്ങളുമായി വന്ന CAA യും NRC യും ജാതി മത ഭേദമന്യേ ഭരണഘടനയിൽ വിശ്വസിക്കുന്ന ഈ രാജ്യത്തെ ജനങ്ങൾ ഊതികെടുത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ വിദ്യാർത്ഥി സമൂഹം ചെയ്യുന്നതും മറ്റൊന്നല്ല. അവർ യഥാർത്ഥ ഇന്ത്യൻ ദേശീയതയെ ഉൾക്കൊള്ളുന്നു. ഭരണഘടനയെ നെഞ്ചോട് ചേർത്ത് പിടിക്കുന്നു.

സ്നേഹസംഘർഷങ്ങളിൽ ആത്മഹത്യചെയ്യാൻ വിധിക്കപ്പെട്ടവർ

പ്രണയിക്കുന്നവരല്ലേ നമ്മൾ..?
അവന്റെ മുഖം ചേർത്ത് പിടിച്ചു ചുണ്ടോടാടുപ്പിച് ചോദിച്ചു
ഈ ലോകത്തിൽ പ്രണയത്തിന് മാത്രം എന്തേ കാരണങ്ങൾ ഇല്ലാണ്ടായി പോയത്. കണ്ട കാലം മുതൽ ഇന്നി കിടക്ക വരെ നമ്മൾ രണ്ടുപേരും മാത്രം . . എന്നിട്ടും നമ്മൾ കൈ ചേർത്ത് പിടിച്ചു നടക്കുമ്പോൾ മുട്ടി ഉരുമ്മി ഇരിക്കുമ്പോൾ ഇവരെല്ലാം എന്തിനാ ഇങ്ങനെ തുറിച്ചു നോക്കുന്നത്.
ദൈവത്തിന് ശരിക്കും പ്രാന്താണ് ല്ലേ..? സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചുന്ന പറയണേ.! അപ്പൊ പിന്നെ ഞാനും അവനും ആരാണ്.

സ്നേഹിക്കാൻ , ചുംബിക്കാൻ, ഒരുമിച്ചു ജീവിക്കാൻ ഞങ്ങൾ മാത്രമേന്തിനാ ഭയക്കുന്നത്. ഈ ലോകം നമ്മുടേതും കൂടിയല്ലേടോ…?
അവന്റെ പിൻകഴുത്തിൽ ഒന്നുകൂടി അമർത്തിചുംബിച്ച് തീരെ വേഗമില്ലാത്ത ആ ഫാൻ നോക്കി കിടന്നു.
തിരിച്ചറിവുകൾക്കു ശേഷം ഈ നഗ്നനതയിൽ നമ്മൾ അനുഭവിക്കുന്ന സ്നേഹത്തിന്റെ അർത്ഥവ്യത്യാസങ്ങൾ ഈ നാട്ടിൽ കുറ്റമാണെന്ന്. ഇത് മാത്രം ആർക്കും ദഹിക്കില്ല. എന്റെ സ്നേഹം തെറ്റാണെന്ന്. നിന്റെ സ്നേഹം കാമം മാത്രമാണെന്ന്. ഇവര് ഇതെന്തൊക്കെയ പറയുന്നത്.

ഈ ലോകത്തിലെക്കും വെച്ച് ഏറ്റവും നല്ല ചുംബനം സാധ്യമാവുന്നത് നമ്മുടെ മീശരോമങ്ങൾ കൂട്ടിമുട്ടുമ്പോളാണെന്നു അവരോട് പറയണം.

എന്നിട്ടോ..?

അവന്മാര് രണ്ടു പേരും മറ്റേതാഡോ എന്നും, അവര് ശരിയല്ലെന്നും കേട്ടുകൊണ്ട് നമുക്ക് ജീവിക്കണ്ടേ.? ഈ ലോകാവസാനം വരെ. മീശരോമങ്ങൾ കൂട്ടി മുട്ടിച്ച്. സ്നേഹിച്ച് സ്നേഹിച്ചങ്ങനെ.

മനുഷ്യരല്ലേടോ നമ്മളും ഇനിയും ജീവിച്ചു തീർന്നിട്ടില്ലാത്തവർ.
പണ്ടെങ്ങോ ആത്മഹത്യയെക്കുറിച്ച് ഓർത്തിട്ടില്ലേ? ഒരുപാട് കരഞ്ഞിട്ടില്ലേ? ഞാൻ എന്നെ കണ്ടെത്തിയതും നീ നിന്നെ കണ്ടെത്തിയതും നമ്മൾ ഒരുമിച്ചല്ലേ…?
അതിൽപിന്നെയല്ലേ നമ്മൾ മനസ്സ് തുറന്ന് ചിരിച്ചത്?
ഇനിയങ്ങോട്ട് നീയല്ലാതെ ഞാനില്ലെന്ന് പറയണ്ടേ.
പരസ്പരം സ്നേഹിക്കണം ന്ന് പറയണ്ടേ.
നമ്മുടെ പ്രണയവും, ജാതി മത വർഗ വർണ്ണ വ്യത്യാസങ്ങൾക്കപ്പുറം വഴത്തപ്പെടേണ്ടേ?
എനിക്ക് നിനക്ക് വേണ്ടി താജ്മഹൽ പണിയണ്ടേ.

പുറത്ത് എപ്പോഴോ മഴകനത്ത് തോർന്നിരുന്നു .
ആകാശത്ത് എവിടെയോ മഴവില്ല് വിരിഞ്ഞിട്ടുണ്ടാവണം.
പക്ഷെ
നിയമങ്ങൾക്കപ്പുറം മാറേണ്ടത് ജനങ്ങളല്ലേടോ.
നാമിപ്പോഴും സ്നേഹിക്കാൻ അനുവാദമില്ലാത്തവർ തന്നെയാണ്. ആത്മാവിന്റെ സ്നേഹസംഘർഷങ്ങളിൽ ആത്മഹത്യ ചെയ്യാൻ മാത്രം വിധിക്കപ്പെട്ടവർ.

കേരളത്തിലെ രാഷ്ട്രീയബോധങ്ങൾ

കേരളസമൂഹം ഈ കാലത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാഷ്ട്രീയ ചേരിതിരിവുകളാണ്. സമൂഹമാധ്യങ്ങളിൽ രാഷ്ട്രീയകക്ഷികളുടെ നിലപാടുകൾ താങ്ങികൊണ്ട് മാത്രം സംസാരിക്കുന്ന വലിയൊരു വിഭാഗമുണ്ട്. ധാർമികതയും നീതിന്യായ ബോധവും പണയം വെച്ച് രാഷ്ട്രീയതാത്പര്യയങ്ങൾക്ക് വേണ്ടി സ്വന്തം നിലപാടുകൾ രൂപികരിക്കേണ്ടി വരുമ്പോൾ അടിസ്ഥാനപരമായി ഒരു വ്യക്തി തന്റെ വ്യക്തിത്വം ചില ആശയങ്ങൾക്കോ വ്യക്തികൾക്കോ പണയം വെക്കുന്നു. കൂടുതൽ വ്യക്തമാക്കുവാൻ സമീപകാലങ്ങളിൽ കേരളം ചർച്ച ചെയ്ത ചില സംഭവങ്ങൾ എടുക്കാം.
ഒന്ന് ഒരു പാലം പണിയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തികച്ചും നിരുത്തരവാദപരമായി പണി തീർത്ത ആ പാലം പൊളിച്ചു നീക്കുകയുണ്ടായല്ലോ. അതിനെ ചൊല്ലി തർക്കിക്കുന്നവർ ഏത് ബോധ്യത്തിന്റെ പുറത്താണ് ആ പാലത്തിന്റെ നിർമാതാക്കളെ ന്യായീകരിക്കുന്നത്? മറ്റൊരു സംഭവം ആന്തൂർ നഗരസഭയിലെ ആന്മഹത്യ ആണ്. നഗരസഭ ചെയർമാനെ സംരക്ഷിക്കാൻ ഒരു രാഷ്ട്രീയ പാർട്ടി തീരുമാനിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ആരോപണ വിധേയർക്ക് വേണ്ടി ഒരുപാട് പേർ സംസാരിച്ചു. അതുപോലെ തന്നെ കാർട്ടൂൺ പുരസ്‌കാര വിവാദം. സോ കോൾഡ് ഇടത് പുരോഗമനവാദികൾ, ഇടത് അഭിനയതാക്കൾ, ഇടത് എഴുത്ത്കാർ ഇവരാരും ആ വിഷയത്തിൽ ആവിഷ്കരസ്വാതന്ത്രത്തെ പറ്റി വാചലരായി കണ്ടില്ല.
പറഞ്ഞു വന്നത് ഈ വിഷയങ്ങളിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ നിലപാടുകൾക്ക് വേണ്ടി ചിന്താശേഷി പണയം വെച്ച് സംസാരിക്കേണ്ടി വരുന്ന വലിയൊരു വിഭാഗം ഇന്ന് നമുക്കിടയിൽ ഉണ്ടന്നാണ്. പലപ്പോഴും നാം പലരും അവരിൽ ഒരാളണ്. ഒരു വ്യക്തിയുടെ നിലപാട് രൂപീകരണത്തിൽ അവന്റെ രാഷ്ട്രീയം മാത്രം അടിസ്ഥാനമാവുന്നത് ഒരു സമൂഹത്തിന്റെ ധാർമികശോഷണത്തിന്റെ അടിത്തറപാകലാണ്. ബോധ്യങ്ങൾക്കപ്പുറം നേതാക്കന്മാരുടെ നാവിൻ തുമ്പിലെ വാക്കുകൾ മാത്രം വിഴുങ്ങി ജീവിക്കുന്ന അണികൾ ആരോഗ്യപരമായ രാഷ്ട്രീയ,ജനാധിപത്യസംവിധാനത്തിനെതിരെയുള്ള ഏറ്റവും വലിയ ഭീഷണിയാണ്

എന്റെ വേരുകൾ (തുടർച്ച)

വീടിന്റെ ചുറ്റും റബ്ബർ മരങ്ങൾ തന്നെ ആയിരുന്നു. വീടിന്റെ കുറച്ചങ്ങു മാറി വേറെ കുറച്ചു വീടുകൾ കൂടി ഉണ്ടെങ്കിലും ഒരു മല തുരന്ന് ഉണ്ടാക്കിയ എന്റെ വീട് അന്യരുടെ കണ്ണിൽ നിന്ന് ഒളിച്ചു നിന്നു. അയൽപക്ക ബന്ധങ്ങൾ ഗ്രാമങ്ങളിൽ വളരെ കൂടുതലയിരിക്കുമല്ലോ. എന്റെ വീടിന്റെ പ്രധാന അയൽപക്കം കുന്നപള്ളിക്കരയിരുന്നു. കുന്നപള്ളി കുടുംബത്തിലെ നടുക്കഷ്ണം ആയ ബെന്നി കുന്നപ്പള്ളിയും കുടുംബവും. ബെന്നി ചേട്ടന്റെ രണ്ട് മക്കൾ മൂത്തവൻ എന്നെക്കാൾ 1 വയസിന് മൂത്തത് ഇളയവൾ എന്നെക്കാൾ ഒരു വയസ് കുറഞ്ഞത്. ഇവരായിരുന്നു എന്റെ ബാല്യം പിന്നെ എന്റെ ചേട്ടനും.

നേരത്തെ പറഞ്ഞ മലമുകളിൽ നിന്നും വെള്ളം തേടി എന്റെ അപ്പൻ മല ഇറങ്ങി വീടുവെച്ചു. അമ്മയുടെ മാല പണയം വെച്ചിട്ടാണ് ഇങ്ങു താഴെ സ്ഥലം വാങ്ങിയതത്രെ. ഏതായാലും എന്റെ നനുത്ത ഓർമ്മകളിൽ ഒരു ഓലമേഞ്ഞ വീടുണ്ട്. ഒരിക്കൽ ഏതോ കൊടുങ്കാറ്റിന് ആ ഓല പറന്ന് പോയി അത് കണ്ട് ഞാനും ചേട്ടനും കൈ കൊട്ടി ചിരിച്ചത്രേ. എനിക്ക് ഓർമയില്ല എങ്കിലും അന്ന് അമ്മ കരഞ്ഞിട്ടുണ്ടാവും. അപ്പൻ പണിക്ക് പോയ സമയത്ത് അമ്മ ഒറ്റയ്ക്കല്ലേ രണ്ട് കുഞ്ഞുങ്ങളും. ആ വീടിന്റെ വളരെ ചെറിയ ഓർമകളെ എനിക്കുള്ളു. ഇരുട്ട് നിറഞ്ഞ ആ വീട്ടിൽ നഖം വെട്ടിയും ബാറ്ററികളും വെച്ച് ഞാൻ എന്റെ ബാല്യം ആഘോഷിച്ചത്. അന്ന് എനിക്ക് കൈ എത്താത്ത ദൂരത്ത് ആ രണ്ട് കളിപ്പാട്ടങ്ങൾക്ക് വേണ്ടി ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. ആ കണ്ണുനീരും തണുപ്പുള്ള ഇരുട്ടും മാത്രമാണ് ആ വീട് എനിക്ക് നൽകിയ ഓർമ്മകൾ.

അവിടെ നിന്ന് ഞാൻ അറിഞ്ഞതെന്താണെന്നോ അനുഭവിച്ചതെന്താണെന്നോ എനിക്ക് ഓർമ ഇല്ല പക്ഷെ ആ വീടും അതിനുള്ളിലെ ഇരുട്ടും ഇന്നും എന്നോടൊപ്പമുണ്ട്. ആ തണുപ്പിന്റെ ഓർമ്മകളിൽ ഞാൻ ഇന്നും അഭയം തേടാറുണ്ട് കണ്ണടച്ച് ആ ഇരുട്ടു നിറഞ്ഞ അടുക്കള മുറിയിലേക്ക് ഓടിയെത്താറുണ്ട്, എന്റെ ആന്മാന്വേഷണങ്ങൾ.

എന്റെ വേരുകൾ (തുടർച്ച)

എന്റെ അപ്പന്റെ അപ്പന് ഇന്ന് കാണുന്ന ചരൾ അങ്ങാടിയിൽ കുറച്ചു സ്ഥലം ഉണ്ടായിരുന്നു. ഇന്ന് ഇവിടെ സ്ഥലത്തിന് നല്ല വിലയാണ്. പക്ഷെ അന്ന് ചാച്ചൻ അത് വിറ്റ് കുരിശുമല കയറി. കൃഷി ചെയ്യാൻ. ഇങ്ങു മലമുകളിൽ ഏകദേശം അഞ്ച് ഏക്കറോളം സ്ഥലം ഉണ്ട് ഞങ്ങളുടെ കുടുംബത്തിന്. അത് ചാച്ചൻ മൂന്ന് ആണ്മക്കൾക്കും ആയിട്ട് വീതിച്ചു നൽകി. എന്റെ അപ്പന് കിട്ടിയത് കുറച്ചു പാറകല്ലുകൾ മാത്രമാണെന്ന് അമ്മ എപ്പുഴും പറയും. ആ കല്ലുകളിൽ കയറി നിന്ന് ഞാനും ചേട്ടനും കച്ചേരിക്കടവ് പുഴയും പള്ളിയും കണ്ടിരുന്നു. പള്ളി മൈതാനത്തു വാഹനങ്ങൾ കണ്ട് അത്ഭുതത്തോടെ ചൂണ്ടി പറഞ്ഞിരുന്നു.
അവിടെ നിന്ന് ഞാൻ കണ്ട സ്വപ്നങ്ങൾക്കാണ് എന്റെ ബാല്യത്തിന്റെ അവകാശം .
ലോകം അന്ന് വളരെ ചെറുതായിരുന്നു. വളരെ ചെറുത് . ആ മലമുകളിൽ നിന്ന് ഞാൻ തിന്നു തീർത്ത കണ്ണിമാങ്ങാകളും ചാമ്പങ്ങയും പേരക്കയും ചക്കയും കപ്പയും ഇന്നും എന്റെ ശരീരത്തിന്റെ കെ

എന്റെ വേരുകൾ (തുടർച്ച)

ഇവിടെ ഞാൻ കണ്ട കാഴ്ചകൾ എന്തൊക്കെയായിരുന്നു? മഴപെയ്തു നിറഞ്ഞ ഇരിട്ടി പുഴ കണ്ടിട്ടുണ്ട് ചരൾ തോടും. മല മുകളിലെ വെയില് കണ്ടിട്ടുണ്ട് അത് പൊടിച്ച വിയർപ്പ് കണ്ടിട്ടുണ്ട്,രുചിച്ചിട്ടുണ്ട് അവിടെ സമർത്ഥമായി വളരുന്നു തെരുവ പുല്ല് അത് ഉരഞ്ഞാൽ ചൊറിയും ദേഹം മുറിയും. പിന്നെ ഒരുപാട് റബ്ബർ മരങ്ങൾ , റബ്ബർ തോട്ടങ്ങളിൽ തഴച്ചു വളരുന്ന കട്ടൻ പയർ. കശുമാവിൻ തോട്ടങ്ങൾ. മാവിന്റെ മുകളിൽ കൂട് കൂട്ടിയ പുളിയുറുമ്പുകൾ. വീടിന്റെ പുറകിൽ ഭിത്തിയോട് ചേർന്ന് ചെറിയ കുഴികളിൽ കഴിഞ്ഞിരുന്ന കുഴിയാനകളെ കണ്ടിട്ടില്ലേ.. ഒരു ചെറിയ ഈർക്കിലി കമ്പ് കൊണ്ട് തോണ്ടി അവയെ പുറത്തിടുമ്പോൾ എനിക്ക് എന്ത് സന്തോഷമായിരുന്നു. വീട്ടിലെ പറമ്പിന്റെ താഴെ ഒരു ചെറിയ കൈ തോട് ഒഴുകിയിരുന്നു അവിടെ നിന്ന് ഞാൻ പിടിച്ചു തടവിലാക്കിയ വാഴയക വരയന്മാരുടെ ശാപം എന്നെ വെറുതെ വിടില്ലെന്ന് പറഞ്ഞു പേടിച്ചിരുന്ന എന്റെ ബാല്യം എല്ലാം തികഞ്ഞതായിരുന്നു

ചരൾ എന്ന പേര് തന്നെ ഒരു അത്ഭുതമല്ലേ..
ഒരു തരം ചെറിയ കല്ലുകൾക്കല്ലേ ചരൾ എന്ന് പറയുക പണ്ട് പണ്ട് കോട്ടയത്തു നിന്നും കേരളത്തിന്റെ താഴെഭാഗത്തുനിന്നും കുടിയേറി പാർത്ത എന്റെ പൂർവികരിലരോ വിളിച്ച പേരണത്. ഒരു പക്ഷെ ആ കല്ലുകൾ കൂടുതൽ ഉണ്ടാരുന്നിരിക്കും ഇവിടെ. അവർ അതിൽ ചവിട്ടി തെന്നി വീണിരിക്കും.. ചരലുകളെ ശപിച്ചു അവർ ഈ മലകീഴടക്കിയിരിക്കും.

എന്റെ വേരുകൾ

എന്റെ ജന്മാന്തരങ്ങൾ മരവിച്ചു പതിഞ്ഞിരിക്കുന്നത് ഈ മലമുകളിലാണ്. എന്റെ കണ്ണ് ആദ്യം കണ്ടതും കണ്ട് കണ്ട് കാണാതെ പഠിച്ചതും ഈ കൈവഴികളാണ് അവയ്ക്കിടയിൽ എന്റെ ഭൂതവും വർത്തമാനവും ഞാൻ എഴുതി വച്ചിട്ടുണ്ട്. ഇവയിൽ ഒരു ഉണക്ക കമ്പ്കൊണ്ട് വരച്ച് ഞാൻ എന്റെ സ്വപ്നങ്ങൾ കണ്ടിരുന്നു ചെറിയ ചെറിയ സ്വപ്നങ്ങൾ.

എല്ലാ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രേദേശത്തെയും പോലെ പള്ളി എന്ന സർവകാര്യകോടതിയിൽ എന്നും മാറി വരുന്ന അച്ഛന്മാരെ കണ്ടിട്ടുണ്ട്. ഭക്തി നിറഞ്ഞു തുളുമ്പി നിന്നിരുന്ന ബാല്യം എന്നും പള്ളിയിൽ പോയി കുർബാന കൊണ്ടിരുന്നു ഞാൻ. പിന്നെ തീഷ്ണത കുറഞ്ഞു പിന്നെ ചിന്തിച്ചു ചിന്തിച്ചു ഞാൻ യുക്തിവാദി വരെ ആയല്ലോ. അന്ന് ആ പള്ളിയും അതിന്റെ സങ്കീർത്തിയും എന്റെയും എന്റെ കൂട്ടുകാരുടെയും കളിയിടങ്ങളായിരുന്നു. അന്ന് ഞാൻ ഇടവകിയിലെ ഏറ്റവും സ്തുതിക്കപ്പെട്ട ഒരു ആണ്കുട്ടി കൂടിയായിരുന്നു.

(തുടരും.)

എന്റെ പ്രണയം

രക്തമില്ലായ്മയിൽ വറ്റി വരണ്ട്
ഉണങ്ങിപോയ നാഡി ഞരമ്പുകൾ ഉണ്ടെന്നിൽ
പ്രണയമില്ലായ്മയിൽ മുരടിച്ചു വഴി മാറി ഒഴുകിയ
രക്തത്തുള്ളികൾ ഉണ്ട്
അവയെ തിരഞ്ഞു പോണം
നിന്നെലേക്ക് ഒഴുക്കി വിടാൻ.

വന്നെന്നിൽ പ്രണയം നിറയ്ക്കുക ഒരു
ശിശുവിനോടെന്നപോലെ എന്നെ
പ്രണയം പഠിപ്പിക്കുക
നിന്റെ രാത്രികളെ എനിക്ക് വിറ്റ്
എന്നെ ഏൽക്കുക
നിന്നോടുള്ള ന്റെ സ്വർത്ഥതയിൽ സന്തോഷിക്കുക
അവഗണനയിൽ കരഞ്ഞു കണ്ണുനീർ വാർത്ത്
കലഹിക്കുക
വരു ഇനി നമുക്ക് മാത്രമാകാം
ഇതാ എന്റെ പ്രണയം സ്വീകരിക്കുക.
വരണ്ടുണങ്ങിയ
നാഡി ഞരമ്പുകൾക്ക് വേണ്ടി.
രക്തം ഒഴുകി തിമിർക്കട്ടെ

ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ പരാജയം അന്ന് മുതൽ ഇന്ന് വരെ.

കമ്മ്യൂണിസം , ലോകത്തിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട അരികുവൽകരിക്കപ്പെട്ട ജനതയ്ക്ക് പ്രതീക്ഷ നൽകിയ, പോരാടുവാൻ ആർജ്ജവം നൽകിയ ആശയസംഹിത. സാംസ്‌കരികവും രാഷ്ട്രീയവുമായ മൂല്യച്യുതികളിൽ നിന്ന് ഒരുപാട് രാജ്യങ്ങളെ അടിവേര്‌പറിച്ചു പുനർനിർമാണം ചെയ്തിട്ടുണ്ട് കമ്മ്യൂണിസം. അവിടുത്തെ സംസ്കാരത്തെയും ജനങ്ങളുടെ ചിന്താഗതികളെയും വരെ കമ്മ്യൂണിസം പുനർനിർണയിച്ചു. അവരെ പുരോഗമനചിന്താഗതിക്കാരയി മാറ്റി. ഈ ആശയത്തിന്റെ മഹത്വം ചർച്ച ചെയ്യുമ്പോൾ അതിനെ പിൻപറ്റി രൂപം കൊണ്ട ഇന്ത്യൻ കമ്മ്യൂണിസം അതിൽതന്നെ അർത്ഥ ശൂന്യമാണ് എന്ന് പറയേണ്ടി വരുന്നത് നിർഭാഗ്യകരമാണ്.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപം കൊള്ളുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യൻ സ്വതന്ത്ര സമര പ്രസ്ഥാനത്തിൽ നിന്നണ്.കാരണം ഇന്ത്യയെ സമരം ചെയ്യുവാനും, ചിന്തിക്കുവാനും ,നാളെ നല്ല പുലരികൾ കാതിരിക്കുന്നുണ്ടെന്നും പഠിപ്പിച്ചത് ആ പ്രസ്ഥാനമായിരുന്നു. ഈ കാലഘട്ടത്തിലാണ് ജപ്പാൻ എന്ന കുഞ്ഞു രാഷ്‌ട്രം റഷ്യയെ യുദ്ധത്തിൽ പരാജയപ്പെടുത്തുന്നത്. അത് ലോകം ആഘോഷിച്ചത് അബലന്റെ വിജയമായിട്ടാണ്. ജപ്പാന്റെ ഈ വിജയം ഇന്ത്യൻ സ്വതന്ത്ര സമരത്തെ നല്ല രീതിയിൽ സ്വാധിനിച്ചു. ഇതിനെ തുടർന്നുണ്ടായ റഷ്യൻ വിപ്ലവം കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ഒരു പിടി ഇന്ത്യൻ നേതാക്കളെ ആകർഷിച്ചു. ഒന്നുമില്ലായ്മയിൽ നിന്ന് അവകാശങ്ങൾ പിടിച്ചടക്കിയ ജനങ്ങളുടെ വിജയമാണ് റഷ്യയിൽ കണ്ടത്. തുടർന്നങ്ങോട്ട് കാറൽ മാർക്സിനെ പറ്റി, ലെനിനെ പറ്റി കമ്മ്യൂണിസ്റ്റ് മനിഫെസ്റ്റോയെ പറ്റി ഒരുപാട് ഇന്ത്യൻ എഴുത്തുകാർ ചർച്ച ചെയ്തു. S രാമകൃഷ്ണപിള്ള ഇന്ത്യയിൽ മാർക്സിന്റെ ആദ്യ ജീവചരിത്രം എഴുതി. അവിടെ മുതൽ ഒന്നിനും വേണ്ടി അല്ലാതെ എന്തിനോ വേണ്ടി ഇന്ത്യയിൽ കമ്മ്യൂണിസം ജനിച്ചു. കുറച് നേതാക്കൾക്ക് കമ്മ്യൂണിസം എന്ന ആശയത്തോട് ,ആ തീയോട് തോന്നിയ ആകർഷണം അതു കൊണ്ട് മാത്രം അല്ലെങ്കിൽ റഷ്യൻ വിപ്ലവും ഫ്രഞ്ച് വിപ്ലവവും ഉണ്ടാക്കിയ രക്തച്ചൊരിച്ചിലിന്റെ വിപ്ലവവേശം. അതല്ലാതെ ഇന്ത്യൻ കമ്മ്യൂണിസം രൂപപ്പെടാൻ ഒരു ജനതയുടെ അതിഭീകരമായ വിപ്ലവാഭിവാഞ്ജയുടെ അടിസ്ഥാനമൊന്നും കണ്ടെത്തുവാൻ സാധിക്കില്ലല്ലോ.

എതായാലും 1920 മോസ്കോവിൽ വെച്ചു നടന്ന കമ്മ്യൂണിസ്റ്റ് ഇന്റര്നാഷണലിൽ ഇന്ത്യയെ പ്രതിനിധീകരിച് MN റോയ്, അബാനി മുഖർജി, MBPTആചാര്യ, മുഹമ്മദ് ഷഫീഖ് എന്നിവർ പങ്കെടുത്തു. ഈ യോഗത്തിൽ MN റോയ് ഇന്ത്യൻ റീവ്ലുഷൻ ജനറൽ പ്ലാൻ അവതരിപ്പിച്ചു. ഇന്ത്യയിലെ എല്ലാ വിപ്ലവകാരികളെയും ഒന്നിച്ചു കൂട്ടുവാനും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപികരിക്കുവാനും, എത്രയും പെട്ടന്ന് വിപ്ലവ സേന രൂപികരിക്കുവാനും തീരുമാനമായി. 1920,ഒക്ടോബര് 17 ന് താഷ്കെന്റിൽ വെച്ച് ഇന്ത്യൻ കമ്യൂണിസ്റ് പാർട്ടി (CPI) 7 അംഗങ്ങളോടുകൂടി രൂപീകൃതമായി. എന്നാൽ മറ്റ് ചില കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ഇത് അംഗീകരിച്ചില്ല. മോസ്കോവിൽ വെച്ച് ലെനിന്റെ മധ്യസ്ഥതയിൽ അവർ വീണ്ടും യോഗം ചേർന്നു. ചട്ടോപാധ്യായ, റോയ്‌, അബ്ദുർ റബ്ബ് ഇവർ അവരുടേതായ നിലപാടുകളിൽ ഉറച്ചു നിന്നു.വ്യക്തിപരമായ വിഭാഗീയത അവരേ ഒരിക്കലും ഒരുമിച്ചു നിൽക്കാൻ കഴിയാത്തവരാക്കി. എന്നാൽ ഇതൊന്നും ഇന്ത്യൻ ജനതയുടെ സമര ചരിത്രത്തിൽ എഴുതപ്പെട്ടില്ല എന്നതാണ് ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ പരാജയം. ഇന്ത്യയുടെ സ്വതന്ത്ര സമരത്തെ ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കാൻ ഇന്ത്യൻ കമ്യൂണിസ്റുകൾക്ക് കഴിഞ്ഞില്ല. എന്താണ് കമ്മ്യൂണിസം എന്നോ, അതിന്റെ ആഴവും പരപ്പും എത്രയെന്നോ ഇന്ത്യയിലെ സാധരണ നിരക്ഷരർക്ക് പറഞ്ഞു കൊടുക്കുവാൻ അവർക്ക് കഴിഞ്ഞില്ല.
ഇതൊക്കെ നിലനിൽക്കെ ഇന്ത്യൻ കമ്മ്യൂണിസം എന്ന കനൽ തുടക്കത്തിലേ അണഞ്ഞു പോകാൻ മറ്റൊരു കാരണം കൂടി ഉണ്ട് . INC എന്ന ഇന്ത്യൻ സ്വതന്ത്ര സമര പ്രസ്ഥാനം. ഇന്ത്യയിൽ മറ്റൊരു പ്രസ്ഥാനത്തിന്റെ അല്ലെങ്കിൽ ആശയത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യയുടെ ആന്മാവിനോട് ചേർന്ന് അതിന്റെ ഓരോ അണുവിലും സ്ഫുരിക്കുന്ന ഇത്തരം ഒരു പ്രസ്ഥാനം നിൽവിലുള്ളപ്പോൾ മറ്റൊരു ആശയ സംഹിത അത് എത്ര മഹത്തരം ആണെങ്കിലും അതിനെ ജനങ്ങൾ സ്വീകരിക്കില്ല. കാരണം INC ജനങ്ങളുടെ ഇടയിൽ നിന്ന് തന്നെ രൂപീകൃതമായ ഒന്നാണ് ആശയങ്ങളോ ആദര്ശങ്ങളോ അല്ല ഇന്ത്യയുടെ സംസ്കാരം ആയിരുന്നു അതിനെ നയിച്ചത്.

ഇവിടെ വ്യക്തമായ ലക്ഷ്യമോ ഉൾകാഴ്ചയോ ഇല്ലാതെ രൂപീകരിക്കപ്പെട്ട ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ അനവശ്യകത മുഴച്ചു നിൽക്കുന്നുണ്ട്. തുടക്കത്തിലേ വിഭജിക്കപ്പെട്ട ഇന്ത്യൻ കമ്മ്യൂണിസം ഇന്ന് തിരിച്ചറിയപ്പെടാത്ത ഒരുപാട് ചെറിയ ചെറിയ സംഘങ്ങളായി ഇന്ത്യയിൽ എവിടെയൊക്കെയോ ചിതറി തെറിച്ചു പ്രവർത്തിക്കുന്നുണ്ട്. 1964ഇൽ കമ്മ്യൂണിസം ഇന്ത്യയിൽ വീണ്ടും രണ്ട് ദിശയിലേക്ക് നീങ്ങി കമ്യൂണിസ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്‌ രൂപീകൃതായി. കുറച് പേർ ചൈനയോടൊപ്പവും കുറച്ചു പേർ സോവിയറ്റ് യൂണിയന്റെ ഒപ്പവും നിന്നു. ഈ വിഭജനം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് മോവമെന്റ് തകർക്കുക തന്നെ ചെയ്തു. വിഭജനത്തിന് ശേഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ CPI തകർന്നടിയുകയും CPM ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമായി ഒതുങ്ങി പോവുകയും ചെയ്തു.
ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ കമ്മ്യൂണിസത്തിന്റെ പരാജയം എന്താണ്? ഈ ചോദ്യത്തിന് ഉത്തരം ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ ഇപ്പോഴും ഇന്ത്യയെ തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ്. എന്താണ് ഇന്ത്യ ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്?. അതിന്റെ സംസ്കാരവും നാനാത്വത്തിൽ ഏകത്വവു കാത്തുസൂക്ഷിക്കാൻ കഴിവ് ഉള്ള പ്രസ്ഥാനം. അതാണ് ഇന്ത്യയിൽ വേണ്ടത് അതിന് കോമ്മ്യൂണിസത്തിന് കഴിയുന്നില്ല. റഷ്യൻ റിവിലുഷനും മാവോയുടെ പോരാട്ട വീര്യവും കണ്ട് കുറച്ച് നേതാക്കൾ ആവേശഭരിതരായി എന്നത് കൊണ്ട്. മാത്രം രൂപീകൃതമായ ആ പ്രസ്ഥാനത്തിന് ഇന്ത്യയുടെ സംസ്കരിക രാഷ്ട്രീയത്തിൽ എന്താണ് പ്രസക്തി?
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ ഇപ്പോഴും ആ പഴയ കാലഘട്ടത്തിൽ തന്നെ ജീവിക്കുന്നു. സായുധ പ്രക്ഷോഭങ്ങളും ഫ്രഞ്ച് വിപ്ലവത്തിലെ രക്ത പുഴയും സ്വപ്നം കണ്ട് അവർ ഇന്നും ഉറങ്ങുകയു. ഉണരുകയും ചെയ്യുന്നു. ഇപ്പോഴും സാമ്രാജ്യത്വ വിരുദ്ധത പ്രസംഗിക്കുകയും ബൂർഷ്വാസിക്കോളോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്നാൽ ഇന്ത്യയിൽ എന്താണ് വേണ്ടത് എന്ന് അവർക്കിന്നും അറിയില്ല.
ജാതിക്കോമരങ്ങൾ ഇന്ത്യയിൽ ഇപ്പോഴും മനുഷ്യനെ കൊല്ലുമ്പോൾ ഇന്ത്യയിലെ ജാതിയതയുടെ, മത ഭ്രാന്തിന്റെ ആഴവും പരപ്പും അറിയാഞ്ഞിട്ടെന്ന പോലെ കുറ്റകരമായ മൗനം നിരീശ്വരവാദത്തിന്റെയും മാനവികതയുടെയും മറ പിടിച്ച് പറഞ്ഞുകൊണ്ടേ ഇരിക്കുന്നു. ശെരിയാണ് ഇത്തരം പുരോഗമന ചിന്താഗതികൾ ആവശ്യമാണ് പക്ഷെ നിരക്ഷരരും ഉയർന്ന ചിന്താഗതികൾക്ക് ആശക്തരും ആയ ഒരു ജനതയോട് ആവരുത്. കാരണം അവർക്ക് ഇന്നും മതത്തിന്റെ ഭാഷയെ മനസ്സിലാവൂ..! ആ ഭാഷയിൽ അവരുടെ അറിവില്ലായ്മയെ മുതലെടുക്കുവാൻ എല്ലാ തരത്തിലും അതി ശക്തമായ ഒരു രാഷ്ട്രീയ പാർട്ടി ഇന്ന് നിലവിലുണ്ട്. ബിജെപി വർഗ്ഗീയ വേർതിരിവുകൾ കൊണ്ട് വാരിക്കൂട്ടുന്ന വോട്ടുകൾ ഇന്ത്യയുടെ എന്നോ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന മതേതരത്വത്തിന്റെ വെത്യസ്തകളിലെ ഏകത്വത്തിന്റെ മേലുള്ള അവസാന ആണികളാണ്. അപ്പോൾ പറഞ്ഞു വന്നത് മത വിശ്വാസങ്ങളെയും ആചാരങ്ങളെയും കണ്ണുമടച്ച് എതിർത്തു കൊണ്ട് പ്രവർത്തിക്കാൻ ഇന്ത്യയിൽ സാധ്യമല്ല. അതിപ്പോൾ കോമ്മ്യൂണിസ്റ്റോ , കോണ്ഗ്രെസ്സ്കാരനോ , ആരുമായിക്കൊള്ളട്ടെ ജാതിയും മതവും ഇന്ത്യയുടെ സ്വത്വ ബോധത്തിന്റെ അടിവെരുകളാണ്‌ എന്ന തിരിച്ചറിവ് അത്യാവശ്യമാണ്.
നിരീശീര്വാദം പാർട്ടിയുടെ അടിസ്ഥാന പ്രമാണം ആയത് കൊണ്ട് തന്നെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ മനസില്ലാമനസോടെ അങ്ങനെ ആയിപ്പോവുകയാണ്. അവർ മതങ്ങൾക്കും ആചാരങ്ങൾക്കും എതിരെ ആഞ്ഞടിക്കുകയും പുച്ഛിക്കുകയും ചെയ്യുമ്പോഴും മനസുകൊണ്ട് അവരിൽ കുറച്ചുപേർ എങ്കിലും മതങ്ങളോടൊപ്പം അല്ലെങ്കിൽ ദൈവങ്ങളോടൊപ്പം നിൽക്കുന്നുണ്ട്. ഇന്ത്യയുടെ മനസ് അതെന്നും മതനുഷ്ടാനങ്ങളോട് ഒപ്പമാണ്. ജാതിയും മതവും ഇന്നും ഇന്ത്യയിൽ അതി ശക്തമാണ്. വിദ്യാഭ്യാസം ഇന്ത്യയെ മുന്നോട്ട്‌നയിച്ചത് മതങ്ങളിൽ നിന്നോ ജാതിയിൽ നിന്നോ അല്ല മറിച്ച് മതങ്ങളോടും ജാതിയോടും ഒപ്പമാണ് നാം മുന്നോട്ട് പോയത്. ബഹിരാകാശത്തേക്ക് മിസൈൽ അയക്കുമ്പോൾ അതിന്റെ മുന്നിൽ ഒരു നാരങ്ങാ പൂജിച്ച് വെച്ച് അവസാന മിനുക്കുപണി പൂർത്തിയാക്കും ഇന്ത്യക്കാരൻ.! വിരോധഭാസവും വലിയ തമാശയുമാണ് ഇത് പക്ഷെ നമ്മിൽ എത്രത്തോളം മതവും ആചാരങ്ങളും ആഴത്തിൽ വേരിറങ്ങിയിരിക്കുന്നു എന്ന് നാം മനസ്സിലാക്കണം. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ജാതിയെയും മതത്തെയും വോട്ടു ആയി കണ്ട് ബിജെപി പ്രവർത്തിക്കുമ്പോൾ അതിനെ കണ്ണുമടച്ച് എതിർത്തിട്ടല്ല അവരെ തോല്പിക്കേണ്ടത്. മറിച്ച് എല്ലാ മതങ്ങളോടും ആചാരങ്ങളോടും സഹിഷ്ണുതയും ബഹുമാനവും കാണിച്ചിട്ടാണ്. മതം എന്ന വോട്ടു ബാങ്കിനെ കേരളത്തിന്റെ ഉണ്ട് എന്ന് പറയപ്പെടുന്ന മതേതര മനസിനെ കൊന്ന് കൈവശപ്പെടുത്താൻ ഉള്ള ബിജെപിയുടെ അവസാന അവസരമായിരുന്നു ശബരിമല. മതത്തെ തൊട്ടാൽ കേരളത്തിലും പലതും സംഭവിക്കും എന്ന് എല്ലാവർക്കും മനസിലായി എന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ ശക്തമായ അബദ്ധ നിലപാട് കൊണ്ടുള്ള ഒരേയൊരു നേട്ടം. ശബരിമല വിഷയത്തിൽ വർഗീയ നിലപാടുകൾ ഇല്ലാതിരുന്ന ഒരു വിശ്വാസിയുടെ വോട്ട് അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചാൽ അതിനുത്തരവാദി സിപിഎം മാത്രമാണ്. കാരണം ഹിന്ദു സമൂഹത്തിന്റെ ഔദ്യോഗികമായ വിശ്വാസ സംരക്ഷകരായി ബിജെപി മാറിക്കഴിഞ്ഞു. ഇങ്ങനെയെല്ലാം സംഭവിക്കും എന്നറിയമായിരുന്നിട്ടും ഇതിനെയെല്ലാം പ്രസംഗിച്ചുകൊണ്ട് , നിലപാടുകൾ കൊണ്ട് എതിർത്തു കൊണ്ട് വളരാൻ വിട്ടത് കേരളത്തിലെ സർക്കാർ തന്നെയാണ്.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുകളിൽ ചർച്ച ചെയ്ത വിഷയങ്ങളിൽ ഇത്രത്തോളം അവജ്ഞത കാണിക്കുന്നു എന്നത് സങ്കടകരമാണ്. ഇന്ത്യയിലെ സാമൂഹികസാഹചര്യങ്ങളെ കുറിച്ച് ഫലപ്രദമായി എഴുതുവാൻ കമ്മ്യൂണിസ്റ്കൾക്കും സമൂഹ്യ ശാസ്ത്രജ്ഞർക്കും കഴിയാതിരുന്നത് ഇവിടുത്തെ ജാതി വ്യവസ്ഥയെ കുറിച്ച് ഗ്രാഹ്യമില്ലാതിരുന്നതിനാലാണ്. സാമ്പത്തികമായ വേര്തിരിവുകളേക്കാൾ ശക്തവും ആഴമേറിയതുമാണ് ജാതീയമായ അസമത്വങ്ങളും മതത്തിന്റെ അപകടകരമായ സാന്നിദ്ധ്യവും. ഇത് തിരിച്ചറിയുന്നിടം മുതലേ ഇന്ത്യയിലെ കമ്മ്യൂണിസത്തിന് പ്രവർത്തന ദിശാബോധം ലഭിക്കു. ഇതല്ലാതെ എല്ലാ വർഗീയ വാദികളെയും സായുധ വിപ്ലവം കൊണ്ട് നേരിടാം എന്ന അബദ്ധ ധാരണ അവരുടെ തന്നെ കുഴി തോണ്ടലാണ്. ഏറ്റവും കൂടുതൽ RSS കരെ കൊന്നത് ഞങ്ങളാണ് എന്നും അതുകൊണ്ട് ബിജെപി യെ തടയാൻ സിപിഎം നെ കഴിയൂ എന്നും പറയുന്നത് എത്രത്തോളം ബാലിശമാണ് എന്ന് അവർ തന്നെ ചിന്തിക്കട്ടെ.
അഞ്ചു കൊല്ലങ്ങൾക്ക് മുൻപ് കേരളത്തിൽ നമുക്ക് എത്ര ബിജെപി നേതാക്കളെ അറിയാമായിരുന്നു.? ഒന്നുമല്ലാതായിരുന്ന അവരെ എതിർത്തേതിർത്ത് പരസ്പരം കൊന്ന് കൊന്ന് വളർത്തിയത് സിപിഎം ആണ്.
അങ്ങനെ അന്നുമുതൽ ഇന്നുവരെ ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ പരാജയം ഈ അബദ്ധ നിലപാട് വരെ എത്തി നിൽക്കുന്നു. കമ്മ്യൂണിസം അതിന്റെ എല്ലാ വിശുദ്ധിയോടും കൂടെ നിലനിൽക്കണം എന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നു. അതിന് നമുക്ക് ആയിരിക്കുന്ന സമൂഹത്തിന്റെ നാഡിമിടിപ്പ് അറിയാവുന്ന നേതാക്കൾ ഉണ്ടാവണം. രക്തം കണ്ട് അറപ്പ് മാറിയവൻ എന്നോ, വാളുകൾക്കിടയിലൂടെ നടന്നവൻ എന്നോ, കൊലക്കേസിലെ പ്രതി എന്നോ ആയിരിക്കരുത് ഒരു സഖാവിന്റെ നിർവചനം. ജനപക്ഷത്ത് നിൽക്കുന്നവനെ, ജനങ്ങളുടെ ഇടയിൽ പുഞ്ചിരിച്ചുകൊണ്ട് പ്രവർത്തിക്കുന്നവനെ നെഞ്ചുറപ്പോടെ സഖാവ് എന്ന് വിളിക്കാൻ ഒരു മലയാളിക്കും മടിയില്ല.

ലാൽസലാം സഖാക്കളെ.